തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു നിർദേശം നൽകി.
അദാനിയുടെ കൈവശമുള്ള 49 ശതമാനം ഓഹരികൾ വിദേശ കപ്പൽ കന്പനിയായ എംഎസ്സിക്കു കൈമാറിയതിലെ എല്ലാ വശങ്ങളും ഉന്നതാധികാര സമിതി പരിശോധിക്കും. രാജ്യസുരക്ഷയെ ബാധിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ പരിശോധിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ 13,200 കോടി രൂപയുടെ ഓഹരി കൈമാറ്റം നടന്നത് സർക്കാരിനെ അറിയിക്കാതെയാണെന്നു മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾക്ക് സർക്കാർ അനുമതി തേടി അപേക്ഷ നൽകിയത്. ഓഹരി കൈമാറ്റം സംബന്ധിച്ച ഈ അപേക്ഷ വിശദമായി പരിശോധിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
അതേസമയം, വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാമെന്നു സർക്കാരുമായി കരാറുണ്ടെന്ന കാര്യവും അദാനിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബർ 24നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 2025 ഡിസംബറോടെ വിൽപനാവകാശം നടത്താനാകുമെന്നാണ് അദാനി കന്പനിയുമായി ബന്ധപ്പെട്ടവരുടെ വാദം.
എംഎസ്സി കന്പനിയുമായുള്ള ഓഹരിവിൽപന നടപ്പാകുന്നതോടെ തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ വികസനം വേഗത്തിലാകും. ബാങ്ക് വായ്പയെടുക്കുന്നതിന് പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിന് പണം കണ്ടെത്തുകയാണ് അദാനി.
തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിലാണ് അദാനി 2454 കോടി മുടക്കേണ്ടിയിരുന്നത്. യഥാർഥത്തിൽ മുടക്കിയത് 6000 കോടിയാണെന്നാണ് വാദം. ശേഷിക്കുന്ന ഘട്ടങ്ങളിൽ 16,000 കോടിയാണ് അദാനി ഗ്രൂപ്പ് മുടക്കേണ്ടത്.
മാസ്റ്റർ പ്ലാനിൽ 9800 കോടിയായിരുന്നെങ്കിലും അധിക നിക്ഷേപം അദാനി പ്രഖ്യാപിക്കുകയായിരുന്നു. ഇതടക്കം 26,000 കോടിയോളം നിക്ഷേപം അദാനി തുറമുഖത്ത് നടത്തും. ഇതിന്റെ 49 ശതമാനമാണ് എംഎസ്സിയുമായുള്ള ഓഹരിയിടപാടിലൂടെ സമാഹരിക്കുന്നതെന്നാണ് വിശദീകരണം.